SEARCH


Kelankulangara Bhagavathy Theyyam - കേളൻകുളങ്ങര ഭഗവതി തെയ്യം

Kelankulangara Bhagavathy Theyyam - കേളൻകുളങ്ങര ഭഗവതി തെയ്യം
തെയ്യം ഐതീഹ്യം/THEYYAM LEGEND


Kelankulangara Bhagavathy Theyyam - കേളൻകുളങ്ങര ഭഗവതി തെയ്യം

തികച്ചും പ്രാദേശികമായ ഓരു 'അമ്മ ദൈവമാണ് കേളം കുളങ്ങര ഭഗവതി. ചെറുതാഴം, എടാട്ട്, കുഞ്ഞിമംഗലം, വെള്ളൂർ എന്നീ പ്രദേശങ്ങളിലാണ് പ്രധാനമായും കേളം കുളങ്ങര ഭഗവതി തെയ്യം കെട്ടിയാടുന്നത്.

ഒരു വയൽ പ്രദേശവും അതിനു ചുറ്റും ജനവാസമുള്ള സ്ഥലങ്ങളും ഉൾപ്പെടുന്നതാണ് ഒരു ചേരിക്കല്ല്. കോലത്ത് നാട്ടിൽ അത്തരത്തിലുള്ള അനേകം ചേരിക്കല്ലുകൾ ഉണ്ട്. അതിൽ ഒന്നാണ് ചെറുതാഴത്തെ പെരിയാട്ടുചേരിക്കല്ല്‌. പിലാത്തറയുടെ തെക്കുഭാഗത്തായി കിടക്കുന്ന വയൽ പ്രദേശവും അതിൻ്റെ ചുറ്റുപാടും ഉൾപ്പെടുന്ന സ്ഥലമാണ് ഈ ചേരിക്കല്ല്.. പെരിയാട്ട് നായന്മാരായിരിന്നു ഒരു കാലത്ത് ഈ ചേരിക്കല്ലിന്റെ അധിപർ. ഈ നായർ തറവാട്ടിലെ ഒരു കന്യക തെയ്യമായി മാറിയ കഥയാണ് കേളം കുളങ്ങര ഭഗവതിയുടേത്.

തറവാട്ടിലെ കാരണവർ തൻ്റെ ഭൂസ്വത്ത് മുഴുവൻ മൂത്ത പെൺമക്കളക്കായി ഭാഗം വെച്ചു. നടക്കാൻ നന്നേ ബുദ്ധിമുട്ടിയിരുന്ന മുടന്തിയായ ഇളയവൾ മാണിക്ക് ഭാഗം വെച്ചില്ല. വിദുഷിയും മന്ത്രതന്ത്രാദികൾ വശത്താക്കിയവളുമായ അവൾ തൻ്റെ പിതാവിൻ്റെ ഈ നടപടിയെ ചോദ്യം ചെയ്തു. അപ്പോൾ അച്ഛൻ, "നീ നടന്ന് എത്തുന്ന സ്ഥലമെല്ലാം നിനക്കുളത്" എന്ന് പറഞ്ഞു സമാശ്വസിപ്പിച്ചു. മുടന്തിയായതിൻ്റെ പേരിൽ തന്നെ കളിയാക്കിയതാണ് എന്ന് അവൾക്ക് തോന്നി. അതുകൊണ്ട് പെരിയാട്ട് നിന്നും അവൾ നടന്ന് അപ്രത്യക്ഷമായി.

എടാട്ട് പ്രദേശത്തുള്ള തൃക്കാണത്ത് കുഴിയുടെ വടക്കു കിഴക്ക് കുന്നുകൾക്ക് താഴെ കേളങ്ങര എന്ന സ്ഥലത്തെ കുളത്തിൻ്റെ കരയിലുള്ള ഒരു തെങ്ങിൽ കള്ള് ചെത്തുകയായിരുന്ന കേളൻ എന്ന് പേരുള്ള ചെത്തുകാരൻ താഴെ കുളക്കരയിൽ തേജസ്സാർന്ന ഒരു പെൺകുട്ടി നിൽക്കുന്നതായി തോന്നി.താഴെ ഇറങ്ങി നോക്കിയപ്പോൾ കുട്ടിയെ എവിടെയും കണ്ടില്ല. അപ്പോൾ ആ വഴി വന്ന എടാടൻ മണിയാണിയോട് കേളൻ ഈ കാര്യം പറഞ്ഞു. അപ്പോളേക്കും പെരിയാട്ട് നായർ തറവാടിൽ നിന്നും കുട്ടിയെ അന്വേഷിച്ചു ആൾക്കാരെത്തി. ചെറുതാഴത്തെ പെരിയാട്ട് നിന്നും ഒരു മൊടത്തിപെണ്ണ് അൽപ്പ സമയം കൊണ്ട് എടാട്ടെ കേളങ്ങര എത്തിയത് ജനങ്ങളെ അമ്പരപ്പിച്ചു. പ്രശ്ന ചിന്തയിൽ മാണി ദേവക്കരുവായി മാറിയതായി തെളിഞ്ഞു. കേളങ്ങരയിൽ വെച്ച് ഭഗവതിയായത് കൊണ്ട് കേളം കുളങ്ങര ഭഗവതിയായി എന്നാണ് ഐതീഹ്യം.

എടാട്ട് പ്രദേശത്തെ നാട്ടുപരദേവതയായ കുണ്ടോറ ചാമുണ്ഡിയും കേളം കുളങ്ങര ഭഗവതിയും കൂടി ഒരു കാലത്ത് എടാട്ട്, ചോറാട്ട്, കുന്നിനു കിഴക്ക്, താമരകുളങ്ങര എന്നീ പ്രദേശങ്ങളിലെ ശിക്ഷാരക്ഷ നടപ്പിലാക്കിയിരുന്ന പരദേവതമാരായിരിന്നു. ഒട്ടുമിക്ക പാരാതികളും തീർപ്പുകല്പിക്കപ്പെട്ടത് ഈ അമ്മമാരുടെ കോടതിയിൽ വെച്ചായിരുന്നു.

ഈ തെയ്യത്തെ / കാവിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയുമെങ്കിൽ ഞങ്ങക്ക് അയച്ചു തരികയാണെകിൽ ഇവിടെ ചേർക്കുന്നതായിരിക്കും

വിശ്വാസപരമായ ഐതീഹ്യത്തോടപ്പം ഓരോ തെയ്യങ്ങൾക്കും അവയുടെ ആരംഭകാലം മുതൽ പിന്നീട് പല കാവുകളിലും തറവാടുകളിലും എത്തിയതുമായി നിരവധി വിവരണങ്ങൾ ഉണ്ടാകാം, വരും തലമുറക്ക് ഉപയോഗപ്പെടും വിധം ഇവയെ വസ്തുതാപരമായി രേഖപ്പെടുത്തുക എന്നതാണ് ഞങ്ങളുടെ ഉദ്ദേശം.

www.theyyamritual.com





ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848